ബ്രേക്കിംഗ് ന്യൂസ്‌

മോദിയുടെ സൊമാലിയന്‍ പരാമര്‍ശം വളച്ചൊടിച്ചു: മുഖ്യമന്ത്രിക്കെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

OOMENCHANDY.jpg

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരെ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ഗവര്‍ണര്‍ക്കും പരാതി നല്‍കി. സൊമാലിയന്‍ പരാമര്‍ശത്തില്‍ പ്രധാനമന്ത്രിയുടെ വക്കുകള്‍ ഉമ്മന്‍ചാണ്ടി വളച്ചൊടിച്ചു എന്ന് ആരോപിച്ചാണ് പരാതി..ഉമ്മന്‍ ചാണ്ടിയുടെ നടപടി തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കുമ്മനം രാജശേഖരന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി നടത്തിയ സൊമാലിയന്‍ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. പരാമര്‍ശം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമായി പ്രഖ്യാപിക്കണമെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് പ്രധാനമന്ത്രിയെ വിലക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം തിരുവനന്തപുരത്ത് സംഘടിപ്പിച്ച യോഗത്തിലാണ് പ്രധാനമന്ത്രി വിവാദമായ പരാമര്‍ശം നടത്തിയത്. കേരളത്തെ സൊമാലിയയോട് ഉപമിച്ചായിരുന്നു മോദി അന്ന് സംസാരിച്ചത്. അട്ടപ്പാടിയിലെ ശിശുമരണവും പേരാവൂരില്‍ ആദിവാസി കുട്ടികള്‍ അവശിഷ്ടത്തില്‍ നിന്ന് ഭക്ഷണം കഴിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ സൊമാലിയന്‍ താരതമ്യം. എന്നാല്‍ ഇതിനെതിരെ സംസ്ഥാനമൊട്ടാകെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. കോണ്‍ഗ്രസും സിപിഐഎമ്മും മോദിയെ ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്. സംഭവത്തില്‍ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Top