BREAKING NEWS

റോജര്‍ ഫെഡററിന് ഓസ്ട്രേലിയന്‍ ഓപ്പണ്‍ !

2018-Australian-Open-Day-14.jpg

മെല്‍ബണ്‍: പ്രതിഭയ്ക്കു പ്രായം ഒരു തടസമേയല്ലെന്ന് തെളിയിച്ച്‌ ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. പഴകും തോറും വീര്യമേറുന്ന വീഞ്ഞുപോലെ 36-ാം വയസിലും ഇരുപതിന്റെ ചുറുചുറുക്കില്‍ സ്വിറ്റ്സര്‍ലന്‍ഡ് താരം തന്റെ 20- ഗ്രാന്‍ഡ്സ്ലാം കിരീടത്തില്‍ മുത്തമിട്ടു.

പ്രായം തളര്‍ത്തിയെന്നും കാലം കഴിയാറായെന്നും വിമര്‍ശിച്ചവര്‍ക്കു മുന്നില്‍ സീസണിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം ചാമ്ബ്യന്‍ഷിപ്പായ ഓസ്ട്രേലിയന്‍ ഓപ്പണില്‍ ക്ര?യേഷ്യന്‍ യുവതാരം മാരിന്‍ സിലിച്ചിനെ അഞ്ചു സെറ്റു നീണ്ട പോരാട്ടത്തില്‍ കീഴടക്കിയാണ് ഫെഡറര്‍ 2018 ലും താന്‍ ഇവിടെയുണ്ടാകുമെന്ന് പ്രഖ്യാപിച്ചത്.

ഇന്നലെ മെല്‍ബണിലെ റോഡ്ലവര്‍ അരീനയില്‍ നടന്ന ഫൈനലില്‍ 6-2, 6-7, 6-3, 3-6, 6-1 എന്ന സ്കോറിനായിരു ന്നു ഫെഡററിന്റെ ജയം. കരിയറിലെ 30-ാം ഗ്രാന്‍ഡ്സ്ലാം ഫൈനലിന് ഇറങ്ങിയ സ്വിസ് താരത്തിന്റെ 20- കിരീട നേട്ടം കൂടിയായിരുന്നു ഇന്നലത്തേത്.

ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം എന്ന സ്വന്തം റെക്കോഡ് തിരുത്തിയ ഫെഡറര്‍ രണ്ടാം സ്ഥാനത്തുള്ള റാഫേല്‍ നദാലിനെക്കാള്‍(16 ഗ്രാന്‍ഡ്സ്ലാം) ഏറെദൂരം മുന്നിലെത്തുകയും ചെയ്തു. കരിയറിലെ ആറാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണ് ഫെഡറര്‍ക്കിത്. ഇക്കാര്യത്തില്‍ നോവാക് ജോക്കോവിച്ച്‌, റോയ് എമേഴ്സണ്‍ എന്നിവരുടെ റെക്കോര്‍ഡിനൊപ്പമെത്താനും ഫെഡറര്‍ക്കായി.

ഇതോടൊപ്പം ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടുന്ന പ്രായം കൂടിയ രണ്ടാമത്തെ താരമെന്ന തന്റെ മറ്റൊരു റെക്കോഡ് തിരുത്തിയെഴുതാനും ഫെഡറര്‍ക്കായി. 2017 ല്‍ 35-ാം വയസില്‍ കിരീടം നേടിയപ്പോഴാണ് ഫെഡറര്‍ ഈ നേട്ടം സ്വന്തമാക്കിയത്. 1972-ല്‍, 37-ാം വയസില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയ കെന്‍ റോസ്വാളാണ് ഇക്കാര്യത്തില്‍ ഫെഡററിനു മുന്നിലുള്ളത്.

ഗ്രാന്‍സ്ലാമില്‍ ഇരുപതോ അതില്‍ കൂടുതലോ സിംഗിള്‍സ് കിരീടം നേടുന്ന നാലാമത്തെ താരമെന്ന റെക്കോഡും ഫെഡറര്‍ അക്കൗണ്ടിലെത്തിച്ചു. മാര്‍ഗരറ്റ് കോര്‍ട്ട്, സെറീനാ വില്ല്യംസ്, സ്റ്റെഫി ഗ്രാഫ് എന്നിവരാണ് ഫെഡറര്‍ക്ക് മുമ്ബ ഈ നേട്ടം കൈവരിച്ചവര്‍.

ഇന്നലെ നടന്ന കലാശപ്പോരാട്ടത്തില്‍ പ്രായത്തില്‍ തന്നെക്കാള്‍ ഏറെ താഴെയുള്ള സിലിച്ചിനെതിരേ മിന്നുന്ന പ്രകടനമാണ് ഫെഡറര്‍ പുറത്തെടുത്തത്. ക്ര?യേഷ്യന്‍ താരത്തിന് ഒരവസരവും നല്‍കാതെയാണ് സ്വിസ് താരം ആദ്യ സെറ്റ് സ്വന്തമാക്കിയത്.

എന്നാല്‍ രണ്ടാം സെറ്റില്‍ സിലിച്ച്‌ തിരിച്ചുവന്നതോടെ പോരാട്ടം ഇഞ്ചോടിഞ്ചായി. ടൈബ്രേക്കറിലേക്കു നീണ്ട ആവേശപ്പോരില്‍ യുവത്വത്തിനു മുന്നില്‍ ഫെഡറര്‍ കീഴടങ്ങിയപ്പോള്‍ രണ്ടാം സെറ്റ് 7-6ന് സിലിച്ച്‌ സ്വന്തമാക്കി.
എന്നാല്‍ മൂന്നാം സെറ്റില്‍ സ്വിസ് താര തനിസ്വരൂപം പുറത്തെടുത്തു. മിന്നുന്ന ബാക്ക്ഹാന്‍ഡ് ഷോട്ടുകളുമായി കളംനിറഞ്ഞ ഫെഡറര്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ സിലിച്ച്‌ 6-3ന് സെറ്റ് കൈവിട്ടു.

തുടര്‍ന്ന് നാലാം സെറ്റിന്റെ തുടക്കത്തിലും മികച്ച പ്രകടനമായിരുന്നു ഫെഡററുടേത്. 3-1 ലീഡ് നേടിയ ശേഷം പക്ഷേ സിലിച്ചിന്റെ അവിസ്മരണീയ പോരാട്ടത്തിനു മുന്നില്‍ ഫെഡറര്‍ പകച്ചുപോയി. തുടരെ രണ്ടു തവണ സ്വിസ് താരത്തിന്റെ സെറ്റ് ബ്രേക്ക് ചെയ്ത് ലീഡ് നേടിയ സിലിച്ച്‌ പിന്നീട് എതിരാളിക്ക് കാര്യമായ അവസരം നല്‍കാതെ 6-3ന് സെറ്റ് സ്വന്തമാക്കി. ഇതോടെ നിര്‍ണായകമായ അഞ്ചാം സെറ്റിലേക്കു കളിനീണ്ടു. നിര്‍ണായക ഘട്ടത്തില്‍ തന്റെ അനുഭവ സമ്ബത്തു മുഴുവന്‍ പുറത്തെടുത്ത ഫെഡറര്‍ 6-1ന് അനായാസം സെറ്റും മല്‍സരവും സ്വന്തമാക്കി; ഒപ്പം 20ാം ഗ്രാന്‍സ്ലാം കിരീടവും.

Top