ബ്രേക്കിംഗ് ന്യൂസ്‌

രാംകോ ഗ്രൂപ്പ് ചെയര്‍മാന്‍ രാമസുബ്രഹ്മണ്യ രാജ അന്തരിച്ചു

download-103.jpg

ചെന്നൈ: പ്രമുഖ വ്യവസായിയും രാംകോ ഗ്രൂപ്പ് ചെയര്‍മാനുമായ പി.ആര്‍. രാമസുബ്രഹ്മണ്യ രാജ (82) അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലായിരുന്നു. രാംകോ ഗ്രൂപ്പ് സ്ഥാപകന്‍ പി.എ.സി. രാമസ്വാമി രാജയാണ് പിതാവ്. രാജ്യത്തെ അഞ്ചാമത്തെ സിമന്റ് കമ്ബനിയായ രാം കോയ്ക്ക് പുറമെ രാംകോ സിസ്റ്റംസ്, രാംകോ ഇന്‍ഡസ്ട്രീസ്, രാജപാളയം മില്‍സ്, തഞ്ചാവൂര്‍ സ്പിന്നിങ് മില്‍സ് തുടങ്ങി വിവിധ കമ്ബനികളാണ് ഗ്രൂപ്പിനു കീഴിലുള്ളത്.

ചെന്നൈയിലെ ബ്രിട്ടീഷ് ടെക്സ്റ്റൈല്‍ മില്ലില്‍ അപ്രന്റീസ് ആയാണ് രാമസുബ്രഹ്മണ്യ രാജ ജോലി യില്‍ പ്രവേശിക്കുന്നത്. സാധാരണ ജോലിക്കാര്‍ക്കൊപ്പം ജോലിചെയ്ത് പരിചയിച്ച ശേഷമാണ് പിതാവ് അദ്ദേഹത്തെ കമ്ബനി ചുമതലകള്‍ ഏല്‍പ്പിച്ചു തുടങ്ങിയത്. പിതാവ് മരിച്ചതോടെ 1962-ല്‍ 26-ാം വയസ്സിലാണ് രാംകോ ഗ്രൂപ്പ് കമ്ബനികളുടെ നേതൃത്വമേറ്റെടുത്തത്. അദ്ദേഹത്തിന്റെ സാരഥ്യത്തില്‍ രാംകോ ഗ്രൂപ്പ് 100 കോടി ഡോളര്‍ (6438 കോടി രൂപ) ആസ്തിയുള്ള ഗ്രൂപ്പായി വളര്‍ന്നു.

സിമന്റ്, നെയ്ത്തു കമ്ബനി, ഐ.ടി, വിദ്യാഭ്യാസ മേഖലകളില്‍ സാന്നിധ്യമുണ്ട്.1938-ല്‍ നെയ്ത്ത് മില്ലുമായാണ് രാംകോ ഗ്രൂപ്പിന് തുടക്കമിട്ടത്. 1961-ല്‍ മദ്രാസ് സിമന്റ്സ് ലിമിറ്റഡ് (ഇന്നത്തെ രാംകോ സിമന്റ്സ്) തുടങ്ങി. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലും ശ്രീലങ്കയിലും ഫാക്ടറികളു ണ്ട്. ഭാര്യ: ആര്‍. സുദര്‍ശനം. മക്കള്‍: പി.ആര്‍. വെങ്കിട്ടരാമ രാജ (രാംകോ സിസ്റ്റംസ് മേധാവി), ആര്‍. നളിന രാമലക്ഷ്മി (എം.ഡി., രാമരാജു സര്‍ജിക്കല്‍ കോട്ടണ്‍ മില്‍സ്), എസ്. ശാരദ ദീപ (എം.ഡി. ശ്രീവിഷ്ണു ശങ്കര്‍ മില്‍സ് ). ശവസംസ്കാരം തമിഴ്നാട്ടിലെ രാജപാളയത്ത് വെള്ളിയാ ഴ്ച രാവിലെ. തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി അനുശോചിച്ചു.

Top