BREAKING NEWS

തീരപരിപാലന നിയമം: കെട്ടിട അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക അദാലത്ത് : മന്ത്രി കെ.ടി ജലീല്‍

PRD_7518.jpg

കൊച്ചി: തീരപരിപാലന നിയമവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളില്‍ തീരുമാനമാകാത്ത കെട്ടിട നിര്‍മാണ അപേക്ഷകള്‍ക്കായി പ്രത്യേക അദാലത്ത് സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ അറിയിച്ചു. 2008ന് മുമ്പ് നികത്തിയതും ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്തതുമായ സ്ഥലത്ത് സര്‍ക്കാരിന്റെ സഹായത്തോടെയുള്ള പദ്ധതികള്‍ വഴി ഭവന നിര്‍മാണം നടത്തുന്നതിന് തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ അനുമതി മതി. താല്‍ക്കാലിക നമ്പര്‍ ലഭിച്ച വീടുകള്‍ക്ക് ഗ്യാസ്, വൈദ്യുതി കണക്ഷനുകള്‍ ലഭിക്കുന്നതിനുള്ള തടസം നീക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ കടമക്കുടി കുടിവെള്ള വിതരണ പദ്ധതിയുടെയും പിഴല പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഇന്‍പേഷ്യന്റ് ബ്ലോക്കിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കൊച്ചിയിലെ ദ്വീപസമൂഹങ്ങളുടെ വികസനത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ തനത്, പദ്ധതി വിഹിതങ്ങള്‍ അപര്യാപ്തമായതിനാലാണ് ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഗോശ്രീ ദ്വീപ് വികസന അതോറിറ്റിക്ക് രൂപം നല്‍കിയത്. അതോറിറ്റിയുടെ കൈവശമുള്ള 300 കോടി രൂപ പ്രയോജനപ്പെടുത്തി ദ്വീപ് മേഖലയുടെ സമഗ്ര വികസനത്തിനായി വിനിയോഗിച്ചു വരികയാണ്. കുടിവെള്ളം, അടിസ്ഥാന സൗകര്യ വികസനം എന്നീ രംഗങ്ങളില്‍ ദ്വീപുകളില്‍ വലിയ മാറ്റമുണ്ടാക്കാന്‍ അതോറിറ്റിയുടെ പ്രവര്‍ത്തനത്തിന് കഴിയും.
കടമക്കുടി കുടിവെള്ള വിതരണ പദ്ധതിക്ക് ഏഴു വര്‍ഷം മുമ്പ് തുടക്കം കുറിച്ചെങ്കിലും ഇപ്പോഴാണ് പൂര്‍ത്തിയായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ജലവിതരണത്തിന് വാട്ടര്‍ അതോറിറ്റിയല്ലാതെ മറ്റൊരു ബദല്‍ ഇല്ല. അതോറിറ്റിയുടെ താല്‍പര്യവും താല്‍പര്യക്കുറവും ഈ പദ്ധതിയെ മാത്രമല്ല മറ്റ് പല പദ്ധതികളെയും ബാധിച്ചിട്ടുണ്ട്. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയാല്‍ കോടികളുടെ ലാഭം സര്‍ക്കാരിനുണ്ടാകും. പദ്ധതികള്‍ ഒച്ചിന്റെ വേഗത്തില്‍ പോകന്നത് വരുമാനച്ചോര്‍ച്ചയ്ക്ക് കാരണമാകും. ഇതൊഴിവാക്കാന്‍ എല്ലാ വകുപ്പുകളും ശ്രമിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സാമൂഹികാരോഗ്യ കേന്ദ്രങ്ങളും വൈകുന്നേരം വരെ പ്രവര്‍ത്തിക്കണമെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ഇതിനുള്ള അനുമതിയും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ദേശീയ ആരോഗ്യ മിഷന്‍ നല്‍കുന്നതിന് തുല്യമായ തുക നല്‍കാനും തദ്ദേശ സ്ഥാപന ഭരണസമിതികള്‍ക്ക് അധികാരമുണ്ട്. പക്ഷെ ഡോക്ടര്‍മാരെ കിട്ടാത്ത അവസ്ഥ തുടരുകയാണ്. സാമൂഹ്യപ്രതിബദ്ധതയുള്ള ഡോക്ടര്‍മാരെ കണ്ടെത്തി നിയമിക്കാന്‍ ഭരണസമിതികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി പറഞ്ഞു.
എസ്. ശര്‍മ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.വി. തോമസ് എം.പി, തദ്ദേശ ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസ്, ജില്ലാ കളക്ടര്‍ കെ. മൊഹമ്മദ് വൈ സഫീരുള്ള, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ ആന്റണി, സബ് കളക്ടര്‍ ഇമ്പശേഖര്‍, കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാലിനി ബാബു, ജില്ലാ പഞ്ചായത്തംഗം സോന ജയരാജ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ. പുഷ്‌കരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സീന ഫ്രാന്‍സിസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ഇ.എക്‌സ് ബെന്നി, എം.എ. സുനോപന്‍, അസി. കളക്ടര്‍ ഈശപ്രിയ, ജല അതോറിറ്റി ചീഫ് എഞ്ചിനീയര്‍ എം. വിജയം, എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എ. നൗഷാദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഡോ. എസ്. ശ്രീദേവി, ഡോ. ഡി.എസ് ദിലീപ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇ.എസ് കുഞ്ഞുമോന്‍, ജിഡ പ്രൊജക്ട് ഡയറക്ടര്‍ സി.പി. പ്രമോദ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Top