BREAKING NEWS

ദേശീയ പൗരത്വ റജിസ്റ്റര്‍; വിവേചനം ആശങ്കാജനകം: കെ.എന്‍.എം

FB_IMG_1533489341863.jpg

കോഴിക്കോട്: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ മറവില്‍, തദ്ദേശീയരായ പൗരന്മാരുടെ പൗരത്വം പോലം ചോദ്യം ചെയ്യപ്പെടുന്ന പ്രവണത ഏറെ ആശങ്കാജനകമാണെന്ന് കോഴിക്കോട് ചേര്‍ന്ന കെ.എന്‍.എം സംസ്ഥാന പ്രതിനിധി സമ്മേളനം വിലയിരുത്തി. മുന്‍ രാഷ്ട്രപതിയുടെ കുടുംബവും, അസമിന്റെ മുന്‍ മുഖ്യമന്ത്രിയടക്കം പൗരത്വ രജിസ്റ്ററില്‍ ഇടം നേടിയില്ല എന്നത് ഗൗരവമായ സാമൂഹ്യപ്രശ്‌നമാണ്. മുസ്‌ലിംകളല്ലാത്ത ആരും പൗരത്വ രജിസ്റ്ററിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല എന്ന ബി.ജെ.പി നേതാവിന്റെ പ്രസ്ഥാവന, ഇത് വഴി ലക്ഷ്യമിടുന്ന വര്‍ഗീയ ധ്രുവീകരണത്തിന്റെ നേര്‍ക്കാഴ്ച്ചകളാണ്. പ്രത്യേക സമുദായത്തെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള കരടുപട്ടിക പ്രസിദ്ധീകരിക്കുക ദുരുദ്ദേശപരമാണ്. പട്ടികയില്‍ പെടാത്തവരെല്ലാം അഭയാര്‍ത്ഥികളാണെന്ന രീതിയിലുള്ള പ്രചാരണം അവസാനിപ്പിക്കണം. അടിയന്തിരമായി ദേശീയ പൗരത്വ പട്ടിക നിര്‍ത്തിവെക്കുകയും പ്രശ്‌നം പഠിക്കാന്‍ ഉന്നതതല കമ്മീഷനെ നിയമിക്കണമെന്നും കെ.എന്‍.എം അഭിപ്രായപ്പെട്ടു. വര്‍ഗീയതക്കും ഭീകരതക്കുമെതിരെ മഹല്ല്, ശാഖ തലങ്ങളില്‍ ആഗസ്റ്റ്-സെപ്തംബര്‍ മാസങ്ങളില്‍ ബോധവത്കരണ കാംപെയ്ന്‍ സംഘടിപ്പിക്കുന്നുണ്ട്. ‘തനിമ, ഒരുമ, കൂട്ടായ്മ’ എന്ന പ്രമേയത്തില്‍ മഹല്ല് തലങ്ങളിലെ ആയിരം കേന്ദ്രങ്ങളില്‍ നടക്കും. മഹല്ല് ഭാരവാഹികള്‍, കെ.എന്‍.എം, ഐ.എസ്.എം, എം.എസ്.എം, എം.ജി.എം പോഷകഘടക ഭാരവാഹികള്‍ സംഗമത്തില്‍ പങ്കെടുക്കും. വര്‍ഗീയതക്കും ഫാഷിസത്തിനുമെതിരെ സ്വാതന്ത്ര്യദിനത്തില്‍ പ്രചാരണം സംഘടിപ്പിക്കുന്നുണ്ട്.
കെ.എന്‍.എം സംസ്ഥാന പ്രതിനിധി സമ്മേളനം കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി ഉണ്ണീന്‍ കുട്ടി മൗലവി അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി, എം അബ്ദുറഹ്മാന്‍ സലഫി, എ അസ്ഗറലി, എം മുഹമ്മദ് മദനി, ഹനീഫ് കായക്കൊടി, സലീം സുല്ലമി, എം.ടി അബ്ദുസ്സമദ് സുല്ലമി, പാലത്ത് അബ്ദുറഹ്മാന്‍ മദനി, ഡോ സുല്‍ഫിക്കര്‍ അലി പ്രസംഗിച്ചു.

Top