BREAKING NEWS

നരേന്ദ്രമോദി മൗനി ബാബയായി മാറിയിരിക്കുകയാണെന്ന് ശിവസേന.

മുംബൈ: ഇന്ത്യയുടെ തലസ്ഥാനം വിദേശത്തേക്ക് മാറ്റിയാൽ മാത്രമെ രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങളിൽ നിർണായ പ്രസ്താവനകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നുണ്ടാകുവെന്ന് ശിവസേന. മൗനി ബാബയായി മാറിയിരിക്കുകയാണ് മോദി. ജമ്മുകശ്മീരിൽ എട്ടുവയസുകാരി ക്രൂരബലാത്സംഗത്തിനിരയായ സംഭവത്തിൽ ലണ്ടനിലെത്തിയ ശേഷമാണ് മോദി മിണ്ടിയത്. ഇന്ത്യയിലായിരുന്നപ്പോൾ ഒന്നും മിണ്ടിയിരുന്നില്ലെന്നും ശിവസേന കുറ്റപ്പെടുത്തുന്നു. പാർട്ടി മുഖ പത്രമായ സാമ്നയിലെ എഡിറ്റോറിയലിലൂടെയാണ് പ്രധാനമന്ത്രിക്കെതിരെയുള്ള ശിവസേനയുടെ രൂക്ഷ വിമർശനം. രാജ്യത്ത് നടക്കുന്ന പ്രശ്നങ്ങളേയും സംഭവങ്ങളേയും കുറിച്ച് വിദേശത്ത് എത്തിയാലെ അദ്ദേഹം പ്രതികരിക്കൂ. സ്വീഡനിലായിരുന്നപ്പോൾ ഇന്ത്യയിലെ പ്രശ്നങ്ങളെ കുറിച്ച് പറഞ്ഞു. അവിടെ നിന്ന് ലണ്ടനിലെത്തിയപ്പോൾ ഇന്ത്യക്കാർക്ക് ഒരു സന്ദേശവും നൽകി. ഇനി നമ്മുടെ പ്രധാനമന്ത്രി രാജ്യപുരോഗതിയെ കുറിച്ച് പറയുന്നത് കേൾക്കണമെങ്കിൽ തലസ്ഥാനം ലണ്ടനിലേക്കോ, ന്യൂയോർക്കിലേക്കോ, പാരീസിലേക്കോ മാറ്റിയാൽ മതിയെന്നും ശിവസേന പറയുന്നു. ഇനി അതിന് സാധിച്ചില്ലെങ്കിൽ ഡൽഹിയിൽ വിദേശ സ്ഥലങ്ങളുടെ സെറ്റിട്ടാൽ മതി, ഇന്ത്യയിൽ നിന്ന് കോടികളുമായി മുങ്ങിയ വിജയ് മല്യയുടെ അഭയം സുരക്ഷിതമാക്കി വെറുംകൈയോടെയാണ് ലണ്ടിനിൽ നിന്ന് മോദി വിമാനം കയറിയതെന്നും ശിവസേന പരിഹസിച്ചു.

Top