ബ്രേക്കിംഗ് ന്യൂസ്‌

കേരളം തെരഞ്ഞെടുപ്പ് ആവേശത്തില്‍; ഇന്ന് കൊട്ടിക്കലാശം

election_campaigning_1140x490.jpg

കത്തുന്ന വേനലില്‍ തീ പാറുന്ന പ്രചാരണമായിരുന്നു കഴിഞ്ഞ നാളുകളില്‍ സംസ്ഥാനത്ത്. അവസാനലാപ്പില്‍ പെയ്ത വേനല്‍ മഴയും ചൂടൊട്ടും കുറച്ചില്ല. നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ പതിവ് രീതികളില്‍ നിന്ന് ഇത്തവണ പ്രചാരണവും ഏറ്റമുട്ടലും വഴിമാറി. ഇരു മുന്നണി രീതിയില്‍ നിന്ന് വ്യത്യസ്തമായി മൂന്നാം മുന്നണിയും കളത്തിലിറങ്ങി. സ്ഥാനാര്‍ഥികള്‍ വരും മുമ്പെ എല്ലാവരും വോട്ടു പിടിത്തവും തുടങ്ങി. നാട്ടു ചുവരുകളില്‍ മാത്രമായില്ല പ്രചാരണം. പ്രൊഫഷണല്‍ ഏജന്‍സികളെയും കളത്തിലിറക്കി. ഒറ്റവാചകങ്ങളുമായി കൂറ്റന്‍ പരസ്യബോര്‍ഡുകള്‍ വഴിയോരങ്ങളില്‍ സ്ഥാപിച്ചു. ലൈക്കും ഷെയറും തേടി സൈബര്‍ ചുവരുകളില്‍ നേതാക്കളും സ്ഥാനാര്‍ഥികളും നേര്‍ക്കു നേര്‍ ഏറ്റമുട്ടി.
അങ്ങനെ നടപ്പുരീതികളെ മാറ്റി മറിച്ച പ്രചാരണമാണ് രണ്ടു മാസത്തിലധികമായി നടത്തത്. തെരഞ്ഞെടുപ്പ് പ്രചരണത്തിലെ ചര്‍ച്ചാ വിഷയങ്ങള്‍ക്കും പഞ്ഞമുണ്ടായില്ല. അഴിമതി, വികസനം, അക്രമ രാഷ്‌ട്രീയം, മദ്യനിരോധനം, വര്‍ഗീയത ഇങ്ങനെ വിഷയങ്ങളും അടവുകളും മാറി മറിഞ്ഞപ്പോള്‍ പ്രചാരണം സൊമാലിയയും ലിബിയയും വരെയെത്തി. സിനിമാ-ക്രിക്കറ്റ് താരങ്ങള്‍ ഇത്രത്തോളം സ്ഥാനാര്‍ഥികളായ തെരഞ്ഞെടുപ്പും വേറെയില്ല. പ്രചാരണത്തിനായി താരങ്ങള്‍ ചേരി തിരി‍ഞ്ഞ് ഇറങ്ങി. ഇതോടെ താരസംഘടനയില്‍ പോലും വോട്ടു ചൂട് അംഗത്വമെടുത്തു. കേസുകളുടെ എണ്ണം പറഞ്ഞുള്ള മുഖ്യമന്ത്രി-പ്രതിപക്ഷ നേതാവ് ഏറ്റമുട്ടല്‍ മറ്റൊരു കേസായി മാറി.
പ്രചാരണം തീപാറിയപ്പോള്‍ കാറ്റെങ്ങോട്ടെയെന്ന് ആര്‍ക്കും ഉറപ്പിക്കാനാവില്ല. മുപ്പതോളം മണ്ഡലങ്ങള്‍ ആരെ വരിക്കുമെന്ന് തീര്‍പ്പില്ല. മൂന്നാം മുന്നണി എത്ര വോട്ടു പിടിക്കും, ആരുടെ വോട്ട് പിടിക്കുമെന്നൊന്നും തിട്ടമില്ല. ഭരണം കിട്ടിയേ തീരൂവെന്ന വാശിയില്‍ ഇടതു വലതു മുന്നണികള്‍. ചരിത്രത്തിലില്ലാത്ത നേട്ടമുണ്ടാക്കിയേ തീരുവെന്ന വാശിയില്‍ എന്‍ഡിഎയും. ഒരിഞ്ചും പിന്നോട്ടില്ലെന്ന് മൂന്നു മുന്നണികളും പ്രഖ്യാപിക്കുമ്പോള്‍ കൊട്ടിക്കലാശത്തില്‍ പ്രചാരണതാപനില കുത്തനെ കൂടും.

Top