ബ്രേക്കിംഗ് ന്യൂസ്‌

കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു

anil-dhave.jpg

ദില്ലി : കേന്ദ്ര പരിസ്ഥിതി, വനം വകുപ്പ് മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു. 60 വയസ്സായിരുന്നു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു അദ്ദേഹം. ചികില്‍സയെ തുടര്‍ന്ന് പാര്‍ലമെന്റ് സമ്മേളനത്തില്‍ വളരെ കുറച്ചുകാലമേ അദ്ദേഹം സഭയില്‍ സന്നിഹിതനായിരുന്നുള്ളൂ.

മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ് അനില്‍ മാധവ് ദവെ. നര്‍മ്മദാ നദീ സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയാണ് അനില്‍ മാധവ് ദവെ ശ്രദ്ധേയനാകുന്നത്. വിവിധ പരിസ്ഥിതി സമിതികളില്‍ അംഗമായിരുന്നു അദ്ദേഹം.

2016 ജൂലൈ ആറിനാണ് കേന്ദ്ര വനം പരിസ്ഥിതി വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായി അനില്‍ മാധവ് ദവെ ചുമതലയേല്‍ക്കുന്നത്. കേന്ദ്രമന്ത്രിയായിരുന്ന പ്രകാശ് ജാവ്ദേക്കറിനെ മാനവവിഭവ മന്ത്രാലയത്തിന്റെ ചുമതലയിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് പരിസ്ഥിതി പ്രശ്നങ്ങളില്‍ സജീവസാന്നിധ്യമായിരുന്ന അനില്‍ ദവെയെ പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതലയിലേയ്ക്ക് നിയോഗിക്കപ്പെട്ടത്.

1956 ജൂലൈ ആറിന് മധ്യപ്രദേശിലെ ഉജ്ജയിനിയിലായിരുന്നു അനില്‍ മാധവ് ദവെയുടെ ജനനം. ആര്‍എസ്എസ് പ്രവര്‍ത്തകനായാണ് അനില്‍ മാധവ് ദവെ പൊതുപ്രവര്‍ത്തനരംഗത്ത് കടന്നുവരുന്നത്. 2009 മുതല്‍ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. അവിവാഹിതനാണ്.

പശ്ചിമഘട്ട സംരക്ഷണം, ആറന്മുള തുടങ്ങിയ കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളും കേന്ദ്രമന്ത്രിയുടെ പരിഗണനയിലായിരുന്നു.

കേന്ദ്രമന്ത്രി അനില്‍ മാധവ് ദവെയുടെ ആകസ്മിക വിയോഗം തീരാനഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. ദവെയുടെ വിയോഗം തന്റെ വ്യക്തിപരമായ നഷ്ടമാണ്. കഴിഞ്ഞദിവസം കൂടി പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങള്‍ അനില്‍ മാധവ് ദവെയുമായി ചര്‍ച്ച നടത്തിയിരുന്നതായും പ്രധാനമന്ത്രി ട്വിറ്ററില്‍ അനുസ്മരിച്ചു.

Top